Wednesday, April 25, 2012

ലൂമിയ എന്ന ലാസ്റ്റ്ബസ്‌










നൂറുകണക്കിന് മൊബൈല്‍ ഫോണ്‍ മോഡലുകള്‍ക്കിടയില്‍ സ്മാര്‍ട്‌ഫോണ്‍ എന്ന ഹൈടെക് വിഭാഗം കണ്ടുപിടിച്ചത് നോക്കിയയായിരുന്നു. 1996 ല്‍ കമ്മ്യുണിക്കേറ്റര്‍ 9000 എന്ന പേരിലൊരു പുത്തന്‍ഫോണ്‍ അവതരിപ്പിച്ചുകൊണ്ടാണ് നോക്കിയ സ്മാര്‍ട്‌ഫോണ്‍ശാഖ ഉദ്ഘാടനം ചെയ്തത്. ഇന്‍സ്ട്രമെന്റ് ബോക്‌സ് പോലെ തുറക്കാവുന്ന നോക്കിയ കമ്മ്യുണിക്കേറ്റര്‍ സീരീസ് ഫോണുകള്‍ അക്കാലത്ത് അദ്ഭുതക്കാഴ്ചയായിരുന്നു. കോടീശ്വരന്‍മാരുടെയും കള്ളക്കടത്തുകാരുടെയും മാത്രം കൈവശമുണ്ടായിരുന്ന വിശിഷ്ടവസ്തു. തുടര്‍ന്നങ്ങോട്ട് കുറേവര്‍ഷങ്ങള്‍ ലോകത്തിന് സ്മാര്‍ട്‌ഫോണ്‍ എന്നാല്‍ നോക്കിയ കമ്മ്യൂണിക്കേറ്റര്‍ മാത്രമായിരുന്നു.

2002 ല്‍ സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തില്‍ പെടുത്താവുന്ന ബ്ലാക്ക്‌ബെറി ഫോണുകള്‍ വിപണിയിലെത്തിയെങ്കിലും നോക്കിയ കമ്യുണിക്കേറ്ററിന് അതു ഭീഷണിയേ ആയില്ല. 2007 ലാണ് നോക്കിയയുടെ കുത്തകയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ആപ്പിളിന്റെ ഐഫോണ്‍ അവതരിപ്പിക്കപ്പെടുന്നത്. തൊട്ടടുത്ത വര്‍ഷം ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഫോണുകളും വിപണിയിലെത്തി തുടങ്ങി. ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളും ഉയര്‍ത്തിവിട്ട സുനാമിത്തിരമാലകളില്‍ നോക്കിയയുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്.

ഇന്നിപ്പോള്‍ സ്മാര്‍ട്‌ഫോണ്‍ രംഗത്ത് നോക്കിയയ്ക്ക് വലിയ റോളൊന്നുമില്ല. 2011 ലെ ഒരു പഠനറിപ്പോര്‍ട്ട് പ്രകാരം സ്മാര്‍ട്‌ഫോണ്‍ വിപണിയുടെ 52 ശതമാനവും ആപ്പിള്‍ കൈയടക്കിവച്ചിരിക്കുന്നു. 29 ശതമാനം വിപണിപങ്കാളിത്തവുമായി സാംസങ് രണ്ടാംസ്ഥാനത്തുണ്ട്. ഒമ്പതുശതമാനം പങ്കാളിത്തവുമായി എച്ച്ടിസി മൂന്നാം സ്ഥാനത്തും ഏഴു ശതമാനം പങ്കാളിത്തവുമായി ബ്ലാക്ക്‌ബെറി നാലാംസ്ഥാനത്തുമാണ്. ബാക്കിയുള്ള മൂന്നു ശതമാനം മറ്റനേകം കമ്പനികള്‍ പങ്കിട്ടെടുക്കുന്നു. അവയിലാണ് നോക്കിയ സ്മാര്‍ട്‌ഫോണുകളുടെ സ്ഥാനം. നോക്കിയ ആരാധകര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ടാകുമെങ്കിലും യാഥാര്‍ഥ്യം ഇതാണ്.

സ്മാര്‍ട്‌ഫോണ്‍ രംഗത്ത് നഷ്ടമായ മേല്‍ക്കോയ്മ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൂമിയ 900 എന്ന പേരില്‍ നോക്കിയ പുത്തനൊരു മോഡല്‍ അവതരിപ്പിച്ചത്.
അമേരിക്കയിലെ ലാസ്‌വെഗാസില്‍ ഈ വര്‍ഷം ജനവരിയില്‍ നടന്ന ഇന്റര്‍നാഷണല്‍ കണ്‍സ്യുമര്‍ ഇലക്‌ട്രോണിക് ഷോയിലാണ് ലൂമിയ 900 ആദ്യമായി പുറംലോകം കണ്ടത്. എല്ലാം തികഞ്ഞൊരു സ്മാര്‍ട്‌ഫോണ്‍ എന്നായിരുന്നു കണ്ടവരൊക്കെ ലൂമിയയെ വിശേഷിപ്പിച്ചത്. ഈവര്‍ഷത്തെ ഷോയില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ സ്മാര്‍ട്‌ഫോണും ലൂമിയ തന്നെ.

1.4 ജിഗാഹെര്‍ട്‌സ് ക്വാല്‍കോം പ്രൊസസര്‍, 16 ജിബി മെമ്മറി, 512 എംബി റാം, 512 എംബി റോം എന്നിവയാണ് ലൂമിയ 900 ന്റെ ഹാര്‍ഡ്‌വേര്‍ കരുത്ത്. അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനും ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയും 1.3 മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറയും ഈ ഫോണിലുണ്ട്.

ലൂമിയയിലൂടെ സ്മാര്‍ട്‌ഫോണ്‍ രംഗത്ത് വന്‍തിരിച്ചുവരവു നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു നോക്കിയ. തങ്ങള്‍ തീരെപ്പിന്നിലായിപ്പോയ യു.എസ്. വിപണിയിലായിരുന്നു കമ്പനി പ്രധാനമായും കണ്ണുവെച്ചത്. നിലവില്‍ ഒരുശതമാനം മാത്രമാണ് യു.എസ്. വിപണിയില്‍ നോക്കിയ സ്മാര്‍ട്‌ഫോണുകള്‍ക്കുള്ള പങ്കാളിത്തം. ആ ദു:സ്ഥിതിയില്‍ നിന്ന് അല്പമെങ്കിലും മാറ്റമുണ്ടാക്കാന്‍ ലൂമിയയ്ക്ക് സാധിക്കുമെന്ന് നോക്കിയ കമ്പനി അധികൃതര്‍ കനവുകണ്ടു.



എന്നാല്‍ കണ്ട കനവുകളത്രയും പാഴായിപ്പോകുന്ന വര്‍ത്തമാനങ്ങളാണ് അമേരിക്കയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഏപ്രില്‍ എട്ടിന് യു.എസ്. വിപണിയില്‍ ലഭിച്ചുതുടങ്ങിയ ലൂമിയ ഫോണിന് ചില സോഫ്റ്റ്‌വേര്‍ തകരാറുകളുണ്ടെന്ന് പെട്ടെന്ന് തന്നെ വാര്‍ത്തപരന്നു. ഇക്കാര്യം സ്ഥിരീകരിച്ച നോക്കിയ കമ്പനി അധികൃതരാകട്ടെ വിറ്റ ഫോണുകള്‍ അത്രയും തിരിച്ചുവിളിക്കാനുള്ള തത്രപ്പാടിലാണ്.

'മെമ്മറിയുമായി ബന്ധപ്പെട്ട ചില തകരാറുകള്‍ ലൂമിയ ഫോണിലുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ചില സാഹചര്യങ്ങളില്‍ ഡാറ്റ കണക്ടിവിറ്റി നഷ്ടപ്പെടാന്‍ ഇതു കാരണമായേക്കാം''- നോക്കിയ സ്മാര്‍ട്‌ഫോണ്‍ യൂണിറ്റ് ചീഫ് ജോ ഹാര്‍ലോയും നോക്കിയ യു.എസ്.ചീഫ് ക്രിസ് വെബറും പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയില്‍ സമ്മതിക്കുന്നു. എന്നാല്‍, ഇതൊരു സോഫ്റ്റ്‌വേര്‍ പ്രശ്‌നം മാത്രമാണെന്നും ഫോണിന്റെ ഹാര്‍ഡ്‌വേറിന് യാതൊരു തകരാറുമില്ലെന്നും അവര്‍ ആണയിടുന്നുണ്ട്. ഏപ്രില്‍ 16 നകം തകരാര്‍ പരിഹരിക്കുമെന്നും അവര്‍ ഉറപ്പുതരുന്നു.

തകരാര്‍ സോഫ്റ്റ്‌വേറിനാണെങ്കിലും ഹാര്‍ഡ്‌വേറിനാണെങ്കിലും വലിയ വ്യത്യാസമില്ലെന്ന് ശരിക്കുമറിയാവുന്ന അമേരിക്കക്കാര്‍ ലൂമിയയെ കൈയൊഴിയുമെന്ന കാര്യം ഉറപ്പാണ്. അതിന്റെ ആദ്യ തെളിവെന്നപോലെ കമ്പനിയുടെ ഓഹരികളുടെ വില കുത്തനെ ഇടിയാന്‍ തുടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ ഓഹരി വിപണിയില്‍ നോക്കിയ ഷെയറുകളുടെ വില അമ്പതുശതമാനം കണ്ട് കുറഞ്ഞുകഴിഞ്ഞു. 3.10 യൂറോ കൊടുത്താല്‍ ഒരു നോക്കിയ ഓഹരി കിട്ടുമെന്ന അവസ്ഥയാണവിടെ. 1997 ന് ശേഷം നോക്കിയ ഓഹരികളുടെ വില ഇത്രയും കുറഞ്ഞ സമയമുണ്ടായിട്ടില്ല. അതോടെ ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ രണ്ടുപാദങ്ങളില്‍ നോക്കിയ കമ്പനി നഷ്ടത്തില്‍ പ്രവര്‍ത്തിക്കേണ്ടിവരുമെന്നുറപ്പായി.

എന്നാല്‍ തിരിച്ചടികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ തന്നെയാണ് നോക്കിയയുടെ തീരുമാനം. നിയര്‍ഫീല്‍ഡ് കമ്മ്യുണിക്കേഷനോടു കൂടിയ ലൂമിയ 610 എന്ന സ്മാര്‍ട്‌ഫോണ്‍ മോഡല്‍ അവതരിപ്പിക്കാന്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും കമ്പനി തയ്യാറായതുതന്നെ അതിന് ഉദാഹരണം. ഈ സങ്കേതമുള്ള ആദ്യ വിന്‍ഡോസ് ഫോണ്‍ ആവുകയാണ് ലൂമിയ 610.

മൊബൈല്‍ ഫോണുപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന സംവിധാനമാണ് നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍. നമ്മുടെ മൊബൈല്‍ ഫോണിനെ ക്രെഡിറ്റ് കാര്‍ഡിന് സമാനമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന നിയര്‍ഫീല്‍ഡ് കമ്മ്യുണിക്കേഷന്‍ (എന്‍.എഫ്.സി) അവതരിപ്പിച്ചതു തന്നെ നോക്കിയ ആയിരുന്നു എന്ന കാര്യം ഓര്‍ക്കണം. 2006 ല്‍ പുറത്തിറക്കിയ നോക്കിയ 6131 ആയിരുന്നു ലോകത്തിലെ ആദ്യ എന്‍.എഫ്.സി. ഫോണ്‍.

ലൂമിയ സീരീസില്‍ തന്നെ എന്‍.എഫ്.സി. സാങ്കേതികവിദ്യ ഉള്‍പ്പെടുത്താന്‍ നോക്കിയ തീരുമാനിച്ചത് ശ്രദ്ധേയമാണ്. ലൂമിയയില്‍ കമ്പനി അത്രകണ്ടു പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണത്. സ്മാര്‍ട്‌ഫോണ്‍ രംഗത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ ലൂമിയയിലൂടെ മാത്രമേ സാധിക്കൂ എന്ന് കമ്പനി തിരിച്ചറിഞ്ഞിരിക്കുന്നു. ലൂമിയ എന്ന ലാസ്റ്റ് ബസ് പോയാല്‍ പിന്നെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നും. അതുകൊണ്ടുതന്നെ ലൂമിയയുടെ സോഫ്റ്റ്‌വേര്‍ തകരാറുകളെല്ലാം മിന്നല്‍വേഗത്തില്‍ പരിഹരിച്ച് അന്തിമയുദ്ധത്തിന് തയ്യാറെടുക്കുകയാണ് നോക്കിയ.



ലൂമിയ 900 യുടെ തകരാര്‍ പരിഹരിച്ചതായി നോക്കിയ

ലൂമിയ 900 സ്മാര്‍ട്ട്‌ഫോണില്‍ കണ്ടെത്തിയ സോഫ്ട്‌വേര്‍ തകരാര്‍ പരിഹരിച്ചതായി നോക്കിയ അറിയിച്ചു. ആപ്പിളിന്റെ ഐഫോണിന് എതിരാളി എന്ന നിലയ്ക്ക് ഏപ്രില്‍ എട്ടിനാണ് യു.എസ് വിപണിയില്‍ ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഈ സ്മാര്‍ട്ട്‌ഫോണിന്റെ തകരാര്‍ നോക്കിയയെ ധര്‍മസങ്കടത്തിലാക്കിയിരുന്നു.

തങ്ങളുടെ ആദ്യ 4ജി ഫോണായ ലൂമിയ 900 ന് തകരാറുള്ളതായും, ഇടയ്ക്ക് അതിന്റെ ഡേറ്റ കണക്ഷന്‍ നഷ്ടപ്പെടുന്നതായും നോക്കിയ സമ്മതിച്ചിരുന്നു. ഏപ്രില്‍ 16 നകം ആ സോഫ്ട്‌വേര്‍ പ്രശ്‌നം പരിഹരിക്കുമെന്ന് കമ്പനി പ്രസ്താവിച്ചിരുന്നു.

ആ പ്രശ്‌നം പരിഹരിക്കാനുള്ള 'സോഫ്ട്‌വേര്‍ അപ്‌ഡേറ്റ്' ഇപ്പോള്‍ ലഭ്യമാണെന്ന് നോക്കിയ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലുള്ള നോക്കിയയുടെ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണാണ് ലൂമിയ 900. നോക്കിയ അതിന്റെ സ്വന്തം മൊബൈല്‍ പ്ലാറ്റ്‌ഫോമായ സിമ്പിയന്‍ ഉപേക്ഷിക്കാനും, പകരം വിന്‍ഡോസ് ഫോണ്‍ ഒഎസിനെ സ്വീകരിക്കാനും നോക്കിയ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷമാണ്.


                                                                                     (Adopted from other source)

0 comments:

Post a Comment

mohd2shakkeer@gmail.com